Harald zwart ന്റെ സംവിധാനത്തിൽ 2010 ൽ ഇറങ്ങിയ മാർഷ്യൽ ആർട്സ് ഡ്രാമ ചിത്രമാണ് The Karate Kid. ജാക്കി ചാനും ജേഡൻ സ്മിത്തും പ്രധാന വേഷത്തിലെത്തിയ ഈ ചിത്രം നിർമിച്ചിരിക്കുന്നത് Jerry Weintraub, James Lassiter എന്നിവരോടൊപ്പം ഇതിലെ പ്രധാന വേഷം കൈകാര്യം ചെയ്ത ജേഡൻ സ്മിത്തിന്റെ അച്ഛനും കൂടിയായ വിൽ സ്മിത്തും ചേർന്നാണ്. Robert Mark Kamen ന്റെ കഥയെ ആസ്പദമാക്കി ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിട്ടുള്ളത് Christopher Murpheyയാണ്. ചൈന, ഹോങ്കോങ്, അമേരിക്ക എന്നീ മൂന്ന് രാഷ്ട്രങ്ങൾ സംയുക്തമായി ചേർന്നാണ് ഈ ചിത്രം ലോകമെമ്പാടും റിലീസിനെത്തിച്ചത്.
ഡ്രെ പാർക്കർ 12 വയസ്സുള്ള ഒരു വിദ്യാർത്ഥിയാണ്. അമ്മയുടെ ജോലി സംബന്ധമായി അവന് സ്വന്തം നാട്ടിൽ നിന്നും ചൈനയിലേക്ക് പോവേണ്ടി വരുന്നത് മുതലാണ് സിനിമയുടെ തുടക്കം. പരിചയമില്ലാത്ത നാടും ഭാഷയും കാരണം ആ നാട് ഡ്രേക്ക് വളരെ പെട്ടെന്ന് തന്നെ മടുക്കുന്നു. ആകെയുള്ളൊരാശ്വാസം മെയ്യിങ് എന്ന സഹപാഠിയായിരുന്നു. അവിടെ സ്‌കൂളിൽ അവനൊരു ഗ്യാങ്ങുമായി അത്ര സുഖകരമല്ലാത്തൊരവസ്ഥയിൽ പരിചയപ്പെടേണ്ടി വരുന്നതോടെ ചൈന അവനൊരു പേടി സ്വപ്നമായി മാറുന്നു. പലപ്പോഴും ആ ഗ്യാങ്ങിന്റെ മുൻപിൽ പെടാതിരിക്കാൻ പാത്തും പതുങ്ങിയുമൊക്കെ സ്‌കൂളിൽ പോവുകയും വരുകയും ചെയ്യേണ്ടി വരുന്നു. അതോടെ എങ്ങനെയെങ്കിലും നാട്ടിലേക്ക് തിരിച്ചുപോയാൽ മതി എന്ന അവസ്ഥയിലേക്കെത്തുന്നു ഡ്രെ. അതിനിടയിലാണ് അവന്റെ ഫ്‌ളാറ്റിലെ മെയിന്റനെന്സുമാനുമായി ഡ്രെ പരിചയപ്പെടുന്നത്. അതവന്റെ ജീവിതത്തിലേക്ക് പുതിയ അർത്ഥ തലങ്ങൾ കൊണ്ടുവരുന്നു. മികച്ച പശ്ചാത്തല സംഗീതവും, ക്യാമറാ വർക്കും, താരങ്ങളുടെ മികച്ച പ്രകടനങ്ങളുമൊക്കെയായി ഈ ചിത്രം ഏത് മാനസികാവസ്ഥയിലും കണ്ടിരിക്കാവുന്ന മികച്ച ഒരു ഫീൽഗുഡ് സിനിമയുടെ അനുഭവം കാഴ്ചക്കാർക്ക് നൽകുന്ന ഒരു മാർഷ്യൽ ആർട്സ് മൂവിയാണ് ദി കരാട്ടെ കിഡ്.